2014 ഏപ്രിൽ 16, ബുധനാഴ്‌ച

വിലാപം

ലോകത്തിന്റെയേതു കോണിൽ പോയി
കെടുത്തും ഞാനീ നെഞ്ചിലെ അണയാ തീ?!

ആരോടു ചൊല്ലും ഞാൻ എന്റെ സങ്കടം?
ആരുടെ തോളിൽ ചാരിവെയ്ക്കും ഞാനെന്റെ കനമേറിയ കഥകൾ?

അവസാനമായ്‌ നീ ഒന്നു മിണ്ടിയിരുന്നെങ്കിൽ,
എന്റെ നൂറുകണക്കിന്‌  ചോദ്യങ്ങൾ ഉത്തരം കിട്ടാതെ വാടിപ്പോകുമായിരുന്നില്ല!

നിന്റെ ഓർമ്മയിലെ ഈ അടഞ്ഞ അദ്ധ്യായം ഒരിക്കലും നിന്നെ അലട്ടരുതേ എന്നു മാത്രമാണ്‌ എന്റെ പ്രാർത്ഥന!

നിന്റെ കണ്ണുകൾ ഒരിക്കലും ഈറനണിയാതിരിക്കട്ടെ,
ഈയുള്ളവന്റെ കണ്ണീർതടം
വറ്റി വരണ്ടാലും..
അത്‌ മാത്രമാണെന്റെ മോഹമിന്ന്..

എന്നാലും ഒരു സൂചനയെങ്കിലും....

2014 ഫെബ്രുവരി 12, ബുധനാഴ്‌ച

സഹായിക്കാം നമുക്ക്‌, നമ്മളെത്തന്നെ!

നാട്ടിലേക്ക്‌ വരുന്ന വഴി. വിമാനം കയറാൻ ഞാനും മറ്റുള്ളവരോടൊപ്പം ലോഞ്ചിൽ കാത്തിരിക്കുന്നു. പെട്ടന്ന് പ്രായമായ ഒരു സ്ത്രീ നിലവിളിച്ചുകൊണ്ട്‌ ഞങ്ങൾക്കിടയിലേക്ക്‌ വന്നു. അറബി വീട്ടിൽ ഖദ്ദാമയായ്‌ നിന്ന് നാട്ടിലെ കുടുംബത്തെ പോറ്റുന്ന ഒരു സാക്ഷാൽ കോഴിക്കോടൻ 'ഉമ്മ'. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും സഹനത്തിന്റെയും ലാളിത്യത്തിന്റെയും പ്രതിരൂപമായിരുന്നു ആ മുഖവും വേശവും. മലയാളമല്ലാതെ ഒരു ഭാഷയും അവർക്കറിവില്ല.
മലയാളികൾ ഇരിക്കുന്ന ലോഞ്ചിലേക്ക്‌ ബേജാറോടെ വന്ന അവർ പറഞ്ഞു "മക്കളെ, കോണിപ്പടി കയറാൻ എന്റെ ബ്യാഗ്‌ പിടിച്ച്‌ ഒരാൾ സഹായിച്ചു. മുകളിലെത്തിയപ്പൊ ആളേം കാണുന്നില്ല ബ്യാഗും കാണുന്നില്ല. ഞാനിനിയെന്താ ചെയ്യ മക്കളെ?" മുപ്പതു വർഷക്കാലംകൊണ്ട്‌
മരുഭൂവിൽ നട്ടുവളർത്തിയ പനിനീർപ്പൂക്കൾ ഒറ്റയടിക്ക്‌ വാടിപ്പോയ സങ്കടത്തോടെ ആ ഉമ്മ
ഇത്രയും ഞങ്ങളോട്‌ പറഞ്ഞൊപ്പിച്ചു.
എന്ത്‌ ചെയ്യണമെന്നറിയാതെ ഞാൻ ഒരു നിമിഷം തരിച്ചിരുന്നു. അപ്പോഴേക്കും അടുത്തുള്ള ആൾ എഴുന്നേറ്റ്‌ ആ ഉമ്മയോടൊപ്പം ബ്യാഗ്‌ തിരയാൻ പോയി. ശ്ശെ! ആ ഉമ്മയെ ഒന്ന് സഹയിക്കാൻ പറ്റിയില്ലല്ലൊ. വിഷമം തോന്നി.

അൽപസമയത്തിനുള്ളിൽ ബ്യാഗുമായ്‌ ആ ഉമ്മയും കൂടെ പോയ ആളും തിരികെ വന്നു. എന്റെയടുത്ത സീറ്റിൽ ഇരുന്നുകൊണ്ടാ ഉമ്മ തന്നത്താൻ പറഞ്ഞു "എവിടെയായാലും പടച്ചോനുണ്ടാകും ഞമ്മളെ സഹായത്തിന്‌."  അന്നാണ്‌ പടച്ചവന്റെ സഹായം എന്താണെന്ന് ഞാൻ ശരിക്കും മനസ്സിലാക്കുന്നത്‌. ശരിയാംവണ്ണം നടക്കാൻ പോലും കഴിയാത്ത ആ ഉമ്മയെ സഹായിക്കാൻ ഇഷ്ടം പോലെ പേർ. അവരുടെ ബ്യാഗ്‌ ഓരോ അനക്കത്തിലും ഓരോരുത്തരായി പിടിച്ചുകൊടുത്തു സഹായിച്ചു. ഫ്ലൈറ്റിൽ കയറുമ്പോൾ ഞാനും സഹായിച്ചു. അതു ചെയ്തപ്പോൾ വല്ലാത്ത നിർവൃതി, ഉള്ളിൽ പരമാനന്തം. അതിനു കാരണം ഞാൻ വലിയ എന്തോ ചെയ്തതുകൊണ്ടല്ല, മറിച്ച്‌ ചെറിയ ഒരു കാര്യം ചെയ്തതിന്‌ ആ ഉമ്മ മനസ്സറിഞ്ഞ്‌ നൽകിയ പ്രാർത്ഥനയും ആശീർവ്വാദങ്ങളുമാണ്‌.

ഇങ്ങനെ എത്ര പ്രാർത്ഥനകളും അനുഗ്രഹങ്ങളുമാണ്‌ നമ്മുടെ അലസതയും 'മറ്റേ വിചാരങ്ങളും' കാരണം ബസ്സിലും ട്രയിനിലും  മറ്റു സ്ഥലങ്ങളിലും ദിനേനയെന്നോണം നാം നേടാതെ പോകുന്നത്‌?!

സഹായിക്കാൻ മനസ്സുണ്ടാകുന്നത്‌ വലിയ സംഗതിയൊന്നുമല്ല. അത്‌ ഏത്‌ മറ്റവനും ഉണ്ടാകും. എന്നാൽ സഹായിക്കാൻ അവസരം ലഭിക്കുമ്പോൾ, അത്‌ വേറെ ആർക്കും വിട്ടുകൊടുക്കാതെ ഉടനെ ചെയ്യുന്നവരാണ്‌ കേമന്മാർ.

2014 ഫെബ്രുവരി 5, ബുധനാഴ്‌ച

ബാല്യകാലസഖി സിനിമയാകുമ്പോൾ

" 'ഒന്നും ഒന്നും എത്രയാണെടാ?' ഗുരുനാഥൻ ഒരിക്കൽ മജീദിനോട്‌ ചോദിച്ചു...
...അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ്‌ പ്രസ്താവിച്ചു 'ഉമ്മിണി വല്യ ഒന്ന്'.

അങ്ങനെ കണക്കുശാസ്ത്രത്തിൽ ഒരു പുതിയ തത്ത്വം കണ്ടുപിടിച്ചതിന്‌ മജീദിനെ അന്നു ബെഞ്ചിൽ കയറ്റി നിർത്തി.

....'ഉമ്മിണി വല്യ ഒന്ന്' ആയതിനു ശേഷം മജീദ്‌ ആരോടും മിണ്ടുകയില്ലായിരുന്നു. അടുത്ത ബെഞ്ചിൽ ഇരുന്ന് സുഹ്‌റാ നോക്കും. മജീദ്‌ മുഖം തിരിച്ചു കളയും.
ഒടുവിൽ മജീദ്‌ മിണ്ടി. സുഹ്‌റാ ചിരിച്ചു. അവൾ സ്ഥലം മാറി ഇരുന്നു. മജീദിന്റെ തൊട്ടടുത്ത‌ ബെഞ്ചിന്റെ അറ്റത്തായി അവളുടെ ഇരുപ്പ്‌. അതോടെ മജീദ്‌ അടി കൊള്ളാതായി. അത്ഭുതകരമായി അവന്റെ കണക്കുകൾ ഒക്കെ ശരി! "

- ബാല്യകാലസഖി

മലയാള സാഹിത്യത്തിലെ, അല്ല ലോകസാഹിത്യത്തിലെ തന്നെ സുൽത്താൻ, അക്ഷരങ്ങൾക്കൊണ്ട്‌ മായാജാലം സൃഷ്ഠിച്ച, മനുഷ്യന്റെ വികാരവിചാരങ്ങളെയും സ്വപ്നസൗകുമാര്യങ്ങളെയും നെടുവീർപ്പുകളെയും പേനകൊണ്ട്‌ എഴുതിത്തെളിയിച്ച, അക്ഷരങ്ങളെ മുത്തുകൾ പോലെ സസൂക്ഷ്‌മം കോർത്തിയിണക്കിയ, മലയാളിയുടെ വായനാനുഭവത്തെ ഏഴാനാകാശത്തിനപ്പുറത്തെത്തിച്ച മലയാളത്തിന്റെ പ്രിയങ്കരനായ സുൽത്താൻ, വൈക്കം മുഹമ്മദ്‌ ബഷീർ.

ബഷീറിന്റെ 'ബാല്യകാലസഖി' എല്ലാ കാലത്തെയും മലയാളി വായനക്കാരുടെ മനം കവർന്നെടുത്ത അത്യപൂർവ്വ കൃതിയാണ്‌.
ബാല്യകാലസഖി വായിച്ച ഏതൊരാളും അതിന്‌ മനസ്സിൽ സ്വന്തമായ ഒരു ദ്രിശ്യാവിഷ്കരണം നൽകിയിട്ടുണ്ടാവും. കഥ തിരക്കഥ സംഭാഷണം എന്നിവ ബഷീറും ദ്രിശ്യാവിഷ്കരണം നാമോരോരുത്തരും. ആ ദ്രിശ്യാവിഷ്കരണത്തിന്‌ ഓരോരുത്തരുടെയും സ്വപ്നങ്ങൾക്കും ജീവിതാനുഭവങ്ങൾക്കും അനുസരിച്ച്‌ നിറവും പകിട്ടും  ധാരാളം കാണും.

അങ്ങനെയുള്ളൊരു നോവലിനെ സിനിമയാക്കുന്നു എന്ന് കേട്ടപ്പോൾ ആദ്യം സങ്കടമാണ്‌ തോന്നിയത്‌. നമ്മുടേതായ ഭാവനാ ലോകത്ത്‌ നമ്മൾ സൃഷ്ടിച്ചെടുത്ത മജീദ്‌ സുഹ്‌റാ ദ്രിശ്യാവിഷ്കരണത്തെ എന്നെന്നേക്കുമായി മാറ്റിയെഴുതാൻ പോവുന്നു. മജീദിന്റെ സ്ഥാനത്ത്‌ ഇനി മമ്മൂട്ടിയെന്ന നടന്റെ ചിത്രമായിരിക്കും തെളിഞ്ഞു വരിക. സുഹ്‌റായുടെ സ്ഥാനത്ത്‌ മറ്റ്‌ നടിമാരുടേയും.

ഏങ്കിലും ഇത്‌ ഒരു വെല്ലുവിളിയായ്‌ ഏറ്റെടുത്ത സിനിമയുടെ പിന്നാമ്പുറക്കാരും പ്രമോദ്‌ പയ്യന്നൂരും മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയും നിരാശപ്പെടുത്തുകയില്ല എന്ന് പ്രതീക്ഷിക്കാം.


പ്രലോപനം

മുറ്റെെത്താരു പൂവിെന കണ്ടപ്പോള്‍
അരികത്തു ചെല്ലാൻ തോന്നി
അരികത്തു ചെന്നപ്പോൾ
തലോടാന്‍ തോന്നി
തലോടിയപ്പോള്‍
പറിക്കുവാന്‍ തോന്നി
പറിച്ചു കഴിഞ്ഞപ്പോള്‍
കഷ്ടം തോന്നി.

എഴുതാത്തവന്റെ എഴുത്ത്‌

അവസാനമായ് മനസ്സറിഞ്ഞ് എഴുതിയത് കുറേ മുമ്പാണ്‌. കുറേ മുമ്പ്!
ഇനിയും എന്തെങ്കിലുമൊക്കെ എഴുതിയില്ലെങ്കിൽ എന്റെ ഉള്ളിൽ കിടന്നു നരകിക്കുന്ന എഴുത്തുകാരൻ
എന്തു വിചാരിക്കും എന്ന് വിചാരിച്ച്
എഴുതാനൊരുങ്ങിയിട്ട് ഇപ്പോൾ ഒരുപാടായ്.

മനസ്സിനെ നിർബന്ധിപ്പിച്ച്, കൈയ്യിൽ
പേനയും പിടിച്ച് കുത്തിയിരുന്നാൽ, ചിന്ത പുകയും, എഴുത്ത് താനെ വരും, എന്നൊക്കെയായിരുന്നു എന്റെ വിചാരം.
പക്ഷേ തലയിലെ താരനും കുറേ മുടിയും കൊഴിഞ്ഞു എന്നല്ലാതെ കാര്യമായ നേട്ടങ്ങളൊന്നും ഇതുവരെ ഉണ്ടായില്ല.
അപ്പോഴാണ്‌ ക്ഷമയോടെ കാത്തിരിക്കുന്നവർക്ക് നല്ലത് വരും എന്നത് മനസ്സിലിങ്ങനെ തികട്ടി വരാൻ തുടങ്ങിയത്. അങ്ങനെ ഞാനും ഒന്ന് കാത്തിരുന്ന് കളയാം എന്ന് വിചാരിച്ചു.
പക്ഷേ 'അവസാനിക്കാത്ത കാത്തിരിപ്പുകൾ' കാത്തിരിക്കുന്ന ആളുകളുടെ അവസ്ത അറിയുന്നതുകൊണ്ട് തൽക്കാലം കാത്തിരിപ്പ് വേണ്ട എന്ന് തീരുമാനിച്ച്, പേനയും പിടിച്ച് കുത്തിയിരിപ്പ് തുടർന്നു.

എഴുതാൻ പറ്റാത്തതിനെക്കുറിച്ച്
എഴുതിയാൽ, ഒരിക്കലും എഴുതിത്തീരാത്ത ഒരു എഴുത്തായിപ്പോകും ആ എഴുത്ത് എന്ന് ഞാൻ തിരിച്ചറിഞ്ഞു.

ഇപ്പോൾ ഞാൻ തിരിച്ചറിവ് നേടിയ കേമൻ!
പേനയും കടലാസ്സും മനസ്സിന്റെ കൈയ്യിൽ വെച്ചുകൊടുത്ത് ഞാൻ കൈയ്യും വീശി നടക്കുന്നു.

- ആദിൽ എ റഹ്മാൻ

2014 ജനുവരി 30, വ്യാഴാഴ്‌ച

പ്രതികരിക്കാം പക്ഷേ..

വാതിൽക്കൽ പതിച്ച പ്രാർത്ഥന വായിച്ചുകൊണ്ടയാൾ വലതു കാൽ വെച്ച്‌ പള്ളിയിലേക്കു കയറി. തെളിഞ്ഞ വെള്ളത്തിൽ വുളൂ എടുത്ത്‌ ആത്മവിഷുദ്ധിയോടെ അയാൾ രണ്ടാം സ്വഫ്ഫ്ഫിന്റെ നടുവിൽ നിന്നു. നിറമന.സ്സോടെ ഇമാമിനെ പിന്തുടർന്നു.

രണ്ടാം റക്‌'അത്തിലെ അത്തഹിയ്യാത്തിൽ അയാളുടെ ഫോണടിഞ്ഞു. പാന്റ്സ്‌ ട്ടൈറ്റായതു കാരണം ഫോൺ ഒാഫ്ഫാക്കാൻ കുറച്ച്‌ സമയമെടുത്തു.
ഇമാം സലാം വീട്ടി, പിന്തുടർന്നവരും.
പ്രായം ചെന്ന ഒരാൾ അയാളോടു ദേഷ്യപ്പെടുകയും കയർക്കുകയും ചെയ്തു.
കാർണ്ണോ.ന്മാർ അയാളെ തുറിച്ചു നോക്കി.
ബാക്കിയുള്ളവർ അയാളെ മ.റ്റേ നോട്ടം നോക്കി.
ഇമാം ഒന്നും മിണ്ടിയില്ല.
അപമാനവും ദേഷ്യവും കാരണം അയാളുടെ മുഖം ചുവന്നു.
അയാൾ പെ.ട്ടെന്നു ത.ന്നെ അവിടെ നിന്നും എണീറ്റു പോയി.

അയാളുടെ പോക്ക്‌ കണ്ട കാർ.ണോന്മാർ മനസ്സിലുറപ്പിച്ചു, അയാൾ ഇനി ഒരിക്കലും ഫോൺ സൈലന്റാക്കാതെ പള്ളിയിൽ വരില്ല എന്ന്.
ഇമാമും മനസ്സിലുറപ്പിച്ചു, ഇനി അയാളൊരിക്കലും ഫോൺ പള്ളിയിൽ കോണ്ടുവരില്ല എന്ന്.

എന്നാൽ വർഷങ്ങൾക്ക്‌ ശേഷം പള്ളിയിൽ വന്ന അയാളും ഒന്നുറപ്പിച്ചു, ഇനി എന്തായാലും ഇങ്ങോട്ടില്ല എന്ന്.

- ആദിൽ എ റഹ്മാൻ

2014 ജനുവരി 29, ബുധനാഴ്‌ച

ദൂതന്മാർ

പള്ളിയിൽ പോകണ്ട എന്ന് ഉറപ്പിച്ചു. ഭയങ്കര മടി.

തുറന്നിട്ട ജാലകത്തിലൂടെ ആകാശത്തേക്കൊന്ന് നോക്കിയിട്ട്‌ കിടക്കയിൽ തന്നെ കിടന്നു.

'വേഗം പള്ളിയിലേക്ക്‌ നടക്ക്‌' തൊട്ടടുത്ത റൂമിലെ ചങ്ങാതി തോളത്ത്‌ തട്ടിക്കൊണ്ട്‌ പറഞ്ഞു. അവന്റെ പിന്നാലെ പള്ളിയിലേക്ക്‌ നടക്കുമ്പോൾ ആകാശത്തേക്കൊന്നുകൂടെ നോക്കി.

മനസ്സറിയാണ്ട്‌ മന്ത്രിച്ചു "ഇത്രയ്ക്കും ഇഷ്ടമായിരുന്നൊ എന്നെ?!"