" 'ഒന്നും ഒന്നും എത്രയാണെടാ?' ഗുരുനാഥൻ ഒരിക്കൽ മജീദിനോട് ചോദിച്ചു...
...അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു 'ഉമ്മിണി വല്യ ഒന്ന്'.
അങ്ങനെ കണക്കുശാസ്ത്രത്തിൽ ഒരു പുതിയ തത്ത്വം കണ്ടുപിടിച്ചതിന് മജീദിനെ അന്നു ബെഞ്ചിൽ കയറ്റി നിർത്തി.
....'ഉമ്മിണി വല്യ ഒന്ന്' ആയതിനു ശേഷം മജീദ് ആരോടും മിണ്ടുകയില്ലായിരുന്നു. അടുത്ത ബെഞ്ചിൽ ഇരുന്ന് സുഹ്‌റാ നോക്കും. മജീദ് മുഖം തിരിച്ചു കളയും.
ഒടുവിൽ മജീദ് മിണ്ടി. സുഹ്‌റാ ചിരിച്ചു. അവൾ സ്ഥലം മാറി ഇരുന്നു. മജീദിന്റെ തൊട്ടടുത്ത ബെഞ്ചിന്റെ അറ്റത്തായി അവളുടെ ഇരുപ്പ്. അതോടെ മജീദ് അടി കൊള്ളാതായി. അത്ഭുതകരമായി അവന്റെ കണക്കുകൾ ഒക്കെ ശരി! "
- ബാല്യകാലസഖി
മലയാള സാഹിത്യത്തിലെ, അല്ല ലോകസാഹിത്യത്തിലെ തന്നെ സുൽത്താൻ, അക്ഷരങ്ങൾക്കൊണ്ട് മായാജാലം സൃഷ്ഠിച്ച, മനുഷ്യന്റെ വികാരവിചാരങ്ങളെയും സ്വപ്നസൗകുമാര്യങ്ങളെയും നെടുവീർപ്പുകളെയും പേനകൊണ്ട് എഴുതിത്തെളിയിച്ച, അക്ഷരങ്ങളെ മുത്തുകൾ പോലെ സസൂക്ഷ്‌മം കോർത്തിയിണക്കിയ, മലയാളിയുടെ വായനാനുഭവത്തെ ഏഴാനാകാശത്തിനപ്പുറത്തെത്തിച്ച മലയാളത്തിന്റെ പ്രിയങ്കരനായ സുൽത്താൻ, വൈക്കം മുഹമ്മദ് ബഷീർ.
ബഷീറിന്റെ 'ബാല്യകാലസഖി' എല്ലാ കാലത്തെയും മലയാളി വായനക്കാരുടെ മനം കവർന്നെടുത്ത അത്യപൂർവ്വ കൃതിയാണ്.
ബാല്യകാലസഖി വായിച്ച ഏതൊരാളും അതിന് മനസ്സിൽ സ്വന്തമായ ഒരു ദ്രിശ്യാവിഷ്കരണം നൽകിയിട്ടുണ്ടാവും. കഥ തിരക്കഥ സംഭാഷണം എന്നിവ ബഷീറും ദ്രിശ്യാവിഷ്കരണം നാമോരോരുത്തരും. ആ ദ്രിശ്യാവിഷ്കരണത്തിന് ഓരോരുത്തരുടെയും സ്വപ്നങ്ങൾക്കും ജീവിതാനുഭവങ്ങൾക്കും അനുസരിച്ച് നിറവും പകിട്ടും ധാരാളം കാണും.
അങ്ങനെയുള്ളൊരു നോവലിനെ സിനിമയാക്കുന്നു എന്ന് കേട്ടപ്പോൾ ആദ്യം സങ്കടമാണ് തോന്നിയത്. നമ്മുടേതായ ഭാവനാ ലോകത്ത് നമ്മൾ സൃഷ്ടിച്ചെടുത്ത മജീദ് സുഹ്‌റാ ദ്രിശ്യാവിഷ്കരണത്തെ എന്നെന്നേക്കുമായി മാറ്റിയെഴുതാൻ പോവുന്നു. മജീദിന്റെ സ്ഥാനത്ത് ഇനി മമ്മൂട്ടിയെന്ന നടന്റെ ചിത്രമായിരിക്കും തെളിഞ്ഞു വരിക. സുഹ്‌റായുടെ സ്ഥാനത്ത് മറ്റ് നടിമാരുടേയും.
ഏങ്കിലും ഇത് ഒരു വെല്ലുവിളിയായ് ഏറ്റെടുത്ത സിനിമയുടെ പിന്നാമ്പുറക്കാരും പ്രമോദ് പയ്യന്നൂരും മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയും നിരാശപ്പെടുത്തുകയില്ല എന്ന് പ്രതീക്ഷിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ