നോമ്പിന്‍റെ രണ്ടു ദിവസം മുന്‍പ്തന്നെ ബേക്കറികളുടെയും ഹോട്ടെലുകളുടെയും ചുമരുകളില്‍ പല തരം പൊരികളുടെയും കരികളുടെയും നീണ്ട ലിസ്റ്റ് തന്നെ ഒട്ടിച്ചു വെച്ചിരുന്നു.
ഒന്നാമത്തെ നോമ്പു ദിവസം തന്നെ ഇവിടങ്ങളില്‍ വ്യത്യസ്തങ്ങളായ പൊരികള്‍ ഒരുങ്ങി , അതും
അസര്‍ നമസ്കാരത്തിന്‍റെ മുമ്പ് തന്നെ.!! നോമ്പു മൂലം കച്ചവടത്തില്‍ വരുന്ന നഷ്ടം നികത്താനോ, നാട്ടുകാരെ രുചിയേറിയ വിഭവങ്ങള്‍ തീറ്റിച്ചു "തുറകള്‍"'' കൊഴുപ്പിക്കാനോ എന്നറിയില്ല, ഏതായാലും വീട്ടിലെ പെണ്ണുങ്ങള്‍ക്കു പൊരികളുണ്ടാക്കുന്ന സമയം ലാഭം. ആ നേരം അവര്‍ക്കു ഖുര്‍ആന്‍ പഠനത്തിലേക്കോ മറ്റോ നീക്കി വെക്കാമല്ലോ!!
പള്ളിയിലെ കാര്യം പറയണ്ട..പള്ളി വലുതായ കാരണം നിറഞ്ഞിട്ടില്ലെങ്കിലും സ്വഫ്ഫുകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു..നോമ്പിനെ വിശ്വാസികള്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചതിന്‍റെ തെളിവാണിത്.
പക്ഷെ എല്ലാ പ്രാവശ്യത്തെയും പോലെ ഇത് അഞ്ചാറു ദിവസത്തേക്കു മാത്രമായിപ്പോകുമോ?
കാത്തിരുന്നു കാണാം!!
നോമ്പിന്‍റെ ആദ്യത്തെ കുറച്ചു ദിവസങ്ങളും പിന്നെ 25-ന്‍റെയും 27-ന്‍റെയും അന്നും പള്ളികള്‍ നിറയുകയും ബാക്കി ദിവസങ്ങളില്‍ ഒന്നോ രണ്ടോ സ്വഫ്ഫുകളില്‍ മാത്രം ആളുകള്‍ ഒതുങ്ങുകയും ചെയ്യുന്നതെന്തുകൊണ്ട് ? 27-ന്‍റെയന്ന് പള്ളിയിലെ തിരക്ക് കണ്ടാല്‍ തോന്നും അല്ലാഹു അന്ന് സ്വര്‍ഗം ഫ്രീയായി കൊടുക്കുന്നുണ്ടെന്നു...നോമ്പിനെ സ്വീകരിക്കാനെന്നവണ്ണം ആദ്യത്തെ കുറച്ചു ദിവസങ്ങളും പിന്നെ ലോട്ടറി അടിക്കുന്നത് പോലെ ലൈലത്തുല്‍ ഖദ്റും അടിച്ചാലോ എന്ന് കരുതി അവസാനത്തെ കുറച്ചു ദിവസങ്ങളും പള്ളിയില്‍ ഒന്നാമത്തെ സ്വഫ്ഫില്‍ !
ബാക്കി ദിവസങ്ങള്‍, സല്‍ക്കാരങ്ങള്‍ നടത്താനും, ബാക്കിയുള്ളവര്‍ നടത്തുന്നതില്‍ പങ്കെടുക്കുവാനുമുള്ള തിരക്കിലും. സല്‍ക്കാരങ്ങളുള്ള ദിവസങ്ങളിലോ തറാവീഹുമില്ല!! ഇനി തറാവീഹിനായി പള്ളിയിലെത്തിയാലോ വയറു തടവിയും ഏമ്പക്കം വിട്ടും അത് "ബാത്വിലാക്കും".
ഇതല്ലേ നമ്മുടെയൊക്കെ അവസ്ഥ ?? സ്വയം ചോദിച്ചു നോക്കൂ..
നബി (സ) അവസാന പത്തിന് വളരെ പ്രാധാന്യം നല്‍കി...നമ്മളോ ഇരുപത്തിയേഴാം രാവ് കഴിയാന്‍ കാത്തു നില്‍ക്കുകയും ചെയ്യുന്നു, പെരുന്നാള്‍ ഷോപ്പിങ്ങിനായി !! വിരോദ്ധാഭാസം തന്നെ അല്ലെ..
ഇരുപത്തിയഞ്ചാം നോമ്പു കഴിഞ്ഞാല്‍ പിന്നെ കോഴിക്കോട് മിട്ടായിത്തെരുവിലെ തിരക്ക് ഹജ്ജിലെ തിരക്ക് പോലെയാണ്!! ആണും പെണ്ണും കൂടിക്കലര്‍ന്ന ഒരു മഹാ ഷോപ്പിംഗ് മേള!!
റമദാനിനു മുന്‍പു തന്നെ നമ്മുടെ പണ്ഡിതന്മാര്‍ സ്റ്റഡി ക്ലാസ്സുകളും വഅളുകളും നടത്തിയിട്ടും നമ്മളെന്തേ ഇങ്ങനെ?? എല്ലാ കൊല്ലവും ആവര്‍ത്തന വിരസത തോന്നാതെ? ഒരു മാറ്റവുമില്ലാതെ ?
മടി തന്നെ വില്ലന്‍ . ശീലിച്ചു പോന്ന "രീതികളില്‍'' നിന്നും മാറാനുള്ള മടി, അഥവാ മാറാന്‍ ശ്രമിക്കാനുള്ള മടി..
അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞതും അതിനെക്കുറിച്ചാണ് " ഒരു ജനത സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരെ പരിവര്‍ത്തിപ്പിക്കുകയില്ല " (ഖുര്‍ആന്‍ 13:11)
സത്യത്തില്‍ റമദാന്‍ ആഘോഷമാണ്, ഖുര്‍ആന്‍റെ ആഘോഷം. ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്നു ഈ ആഘോഷം. അത് തിരിച്ചറിഞ്ഞ് നോമ്പ് നോറ്റുകൊണ്ടും, ഖുര്‍ആന്‍, ഓതിക്കൊണ്ടും പഠിച്ചുകൊണ്ടും, പുണ്യ കര്‍മങ്ങള്‍ നിര്‍വഹിച്ചുകൊണ്ടും ഈ റമദാനിനെ നമ്മള്‍ ആഘോഷിക്കണം.
" لَعَلَّكُمْ تَتَّقُونَ " എന്ന വാക്യത്തെ യാഥാര്‍ത്യമാക്കുന്നതിന് വേണ്ടിയാവണം നമ്മുടെ പണിയെടുക്കല്‍ . ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും സൂക്ഷമതയുള്ളവരാകാന്‍ വേണ്ടി നമ്മെ തയ്യാറാക്കുന്നതിനാണ് റമദാന്‍ വന്നെത്തിയത് എന്ന ഉത്തമ ബോധ്യത്തില്‍ നിന്ന് മാത്രമെ ഇതു സാധ്യമാവുകയുള്ളൂ.
താന്‍ എപ്പോഴും അല്ലാഹുവിന്‍റെ നിരീക്ഷണത്തിലാണ് എന്ന "അറിവിനെ" മനസ്സിലേക്കും ഹൃദയത്തിലേക്കും കുടിയിരുത്തുമ്പോള്‍ മാത്രമെ ഖുര്‍ആന്‍ പറഞ്ഞ "തഖ്‌വ" നമുക്ക് കൈവരിക്കാന്‍ സാധ്യമാവുകയുള്ളൂ.
ശാരീരികമായ ചില നിയന്ത്രണങ്ങളും പരിമിതികളും വെച്ചു കൊണ്ട് ആത്മീയമായ നേട്ടം (തഖ്‌വ ) കൈവരിക്കലാണ് റമദാന്‍ . ഹൃദയ വിശുദ്ധിയുടെ മാസം!. ദാഹത്തെയും വിശപ്പിനെയും നിയന്ത്രിച്ച് തന്‍റെ ദേഹേച്ചകള്‍ക്കെതിരെ പൊരുതി വിജയിക്കാന്‍ ഹൃദയത്തെ പരിശീലിപ്പിക്കുകയാണ് നമ്മള്‍ ഒരു മാസം മുഴുവനും. നമ്മള്‍ അറിയാതെ നമ്മുടെ ഹൃദയം നമ്മെ മറ്റു തെറ്റുകളില്‍ നിന്നും പിന്തിരിപ്പിക്കും. പാട്ടു കേള്‍ക്കുമ്പോഴും സുഹൃത്തുക്കള്‍ സിനിമയ്ക്കു വിളിക്കുമ്പോഴും ഹൃദയം നമ്മെ തടഞ്ഞു കൊണ്ടേയിരിക്കും. ഹൃദയം കൈവരിക്കുന്ന തഖ്‌വയാണിത് . ശൈത്താന്‍ ചങ്ങലക്കിടപ്പെടും എന്നതിന് തെളിവും.
അറിവ് പ്രാവര്‍ത്തികമാക്കുമ്പോഴെ തഖ്‌വ ഹൃദയത്തിലുറക്കുകയുള്ളൂ. തഖ്‌വയാണ് ജീവിതത്തിന്‍റെ വഴികാട്ടി. വഴികാട്ടിയുണ്ടാകുമ്പോള്‍ ജീവിതം എളുപ്പമാകുന്നു. തീര്‍ച്ചയായും അല്ലാഹു നമുക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്.
(..يُرِيدُ اللَّهُ بِكُمُ الْيُسْرَ..) " നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല."
(ഖുര്‍ആന്‍ 2:185).
അത് കൊണ്ട് റമദാനിനെ ആദരിക്കേണ്ട രീതിയില്‍ ആദരിക്കുകയും, സ്വയം നന്നാവാനും ജീവിതത്തില്‍ തഖ്‌വയുള്ളവരാവാനും അല്ലാഹു നമുക്കേകുന്ന അവസരമാണ് റമദാന്‍ എന്ന് മനസ്സിലാക്കുകയും ചെയ്തുകൊണ്ട് വേണം റമദാനെ നേരിടാന്‍., കാരണം തഖ്‌വയുള്ളവര്‍ക്കെ വിജയമുള്ളൂ.
അതിനാല്‍ ഈ റമദാന്‍ മാസവും പതിവു പോലത്തെ ഒരു "റംസാന്‍'' ആയിപ്പോകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. ഖുര്‍ആനിനും രാത്രി നമസ്കാരത്ത്തിനും കൂടുതല്‍ സമയം നല്‍കാം. നോമ്പ് തുറകള്‍ പരമാവധി കുറയ്ക്കാന്‍
ശ്രമിക്കാം. തുറകളില്‍ മിതമായ രീതിയില്‍ "അകത്താക്കാം".
അല്ലാഹു അനുഗ്രഹിക്കട്ടെ.
ആദില്‍ എ റഹ്മാന്‍
ചെറുവാടി