2013 സെപ്റ്റംബർ 28, ശനിയാഴ്‌ച

മോക്ഷം

ബഹളം താരാട്ടായ്‌ മാറുന്നു
പരവശത മിഴികളെ തഴുകുന്നു
മുന്നിലെ വര രണ്ടായ്‌ പിളരുന്നു
കണ്ണടയിലും കാഴ്ച മങ്ങുന്നു;

കാർമേഘം കുത്തിയൊലിക്കുന്നു
ഇടിമിന്നൽ മാനം പിളർക്കുന്നു
വന്മരങ്ങൾ കാറ്റിലുലയുന്നു
കരതൻ മാറിൽ തിരമാലയിട്ടടിക്കുന്നു;

മഴ നനച്ച കവിൾത്തടങ്ങളിലൂടെ
അശ്രുകണമൊഴുകുന്നില്ല,
ഉപ്പു നുണഞ്ഞ നാവിൻ മീതെ
ചിരി വിടരുന്നില്ല,
വെയിലേറ്റു വാടിയ വദനമതിൽ
ഭാവമാറ്റമേതുമില്ല,
മുൾപ്പാതകൾ ഏറെ താണ്ടിയ
കാലുകൾക്കനക്കമില്ല!

ഹൃദയഭാരമിറക്കാനായെങ്കിൽ
ഇല്ലാവേലികൾ തകർക്കാനായെങ്കിൽ
കാലുകൾക്ക്‌ പറക്കാനായെങ്കിൽ
മനമതിനു സ്വതന്ത്ര്യയാകാനായെങ്കിൽ!

-ആദിൽ എ റഹ്മാൻ


2013 ഏപ്രിൽ 28, ഞായറാഴ്‌ച

പെണ്ണ്

അമ്മേ, എന്നെ പെണ്ണായ് ജനിപ്പിക്കാത്തത്തിനു സ്‌തുതി,
ആണായ് പിറന്നതില്‍ എനിക്കഭിമാനം തോന്നുന്നു ;
അമ്മേ അവിടുത്തെ മുഖത്തെന്തേ ഒരു വാട്ടം?
പെണ്‍കുഞ്ഞായിരുന്നോ അമ്മ പ്രതീക്ഷിച്ചിരുന്നത് ?

മുലക്കണ്ണ്‍ ചുണ്ടില്‍ വെച്ചുകൊടുത്ത്, അമ്മ
മകനെ ചേര്‍ത്തുപിടിച്ച് നെടുവീര്‍പ്പിട്ടു ;
കുഞ്ഞു വയറു നിറച്ചപ്പോള്‍ , അമ്മ തന്റെ 
മാറിന്‍ ചൂടാല്‍ മകനെയുറക്കി. 

പൂടിക്കിടന്നായിളം കണ്ണുകളിലേക്കമ്മ 
ഒരിക്കല്‍ക്കൂടിയുറ്റു നോക്കി;
കാമഭ്രാന്തന്റെ പകല്‍ക്കിനാവ് നൃത്തമാടുന്നാ-
ക്കുഞ്ഞു കണ്ണുകള്‍ കണ്ടമ്മ വീണ്ടും ഞെട്ടി . 

അമ്മയുടെ കൈകള്‍ കുഞ്ഞു കഴുത്തില്‍ ,
കുരുന്നു കാലുകളില്‍ കുഞ്ഞു പിടച്ചില്‍ ;
മകനേ ഞാന്‍ നിന്റെ അമ്മയാണ്, നിന്റെ 
അനുജത്തിമാരുടെ രക്ഷ എന്റെ കര്‍ത്തവ്യമാണ്. 

പക്ഷേ അമ്മ അതു ചെയ്തില്ല, കാരണം
അമ്മ ഒരു പെണ്ണാണ് . 


(ഹേ പുരുഷാ, ഒരു പെണ്ണിന്റെ കാരുണ്യവും അളവറ്റ  സ്നേഹവുമാണ്  നിന്റെ നിലനില്‍പ്പ്...  )

- ആദില്‍  എ റഹ്മാന്‍



2013 ഏപ്രിൽ 2, ചൊവ്വാഴ്ച

ആത്മഹത്യ

പേടിയായിരുന്നെനിക്ക്‌, മരണം,
ഇന്നലെ വരെ.
മരണത്തെ പറഞ്ഞ നേരം,
വിറച്ചിരുന്നു എന്റെ ചുണ്ടുകൾ;
മരണത്തെ കേട്ട നേരം,
പൊട്ടിത്തെറിച്ചിരുന്നു എന്റെ കാതുകൾ;
മരണത്തെ ഓർത്ത നേരം,
കിടുകിടാ വിറച്ചിരുന്നു എന്റെ ഹൃദയം.
ഇന്നലെ ഒരുപാട്‌ പേരുടെ ആത്മഹത്യയെപ്പറ്റി കേട്ടു
ഇത്രയെളുപ്പമായിരുന്നോ, മരണം?!
ഹാ! പേടിയായിരുന്നെനിക്ക്‌, മരണം,
ഇന്നലെ വരെ.

ആദിൽ എ റഹ്മാൻ