അമ്മേ, എന്നെ പെണ്ണായ് ജനിപ്പിക്കാത്തത്തിനു സ്‌തുതി,
ആണായ് പിറന്നതില്‍ എനിക്കഭിമാനം തോന്നുന്നു ;
അമ്മേ അവിടുത്തെ മുഖത്തെന്തേ ഒരു വാട്ടം?
പെണ്‍കുഞ്ഞായിരുന്നോ അമ്മ പ്രതീക്ഷിച്ചിരുന്നത് ?
മുലക്കണ്ണ്‍ ചുണ്ടില്‍ വെച്ചുകൊടുത്ത്, അമ്മ
മകനെ ചേര്‍ത്തുപിടിച്ച് നെടുവീര്‍പ്പിട്ടു ;
കുഞ്ഞു വയറു നിറച്ചപ്പോള്‍ , അമ്മ തന്റെ
മാറിന്‍ ചൂടാല്‍ മകനെയുറക്കി.
പൂടിക്കിടന്നായിളം കണ്ണുകളിലേക്കമ്മ
ഒരിക്കല്‍ക്കൂടിയുറ്റു നോക്കി;
കാമഭ്രാന്തന്റെ പകല്‍ക്കിനാവ് നൃത്തമാടുന്നാ-
ക്കുഞ്ഞു കണ്ണുകള്‍ കണ്ടമ്മ വീണ്ടും ഞെട്ടി .
അമ്മയുടെ കൈകള്‍ കുഞ്ഞു കഴുത്തില്‍ ,
കുരുന്നു കാലുകളില്‍ കുഞ്ഞു പിടച്ചില്‍ ;
മകനേ ഞാന്‍ നിന്റെ അമ്മയാണ്, നിന്റെ
അനുജത്തിമാരുടെ രക്ഷ എന്റെ കര്‍ത്തവ്യമാണ്.
പക്ഷേ അമ്മ അതു ചെയ്തില്ല, കാരണം
അമ്മ ഒരു പെണ്ണാണ് .
(ഹേ പുരുഷാ, ഒരു പെണ്ണിന്റെ കാരുണ്യവും അളവറ്റ സ്നേഹവുമാണ് നിന്റെ നിലനില്‍പ്പ്... )
- ആദില്‍ എ റഹ്മാന്‍

