2014 ഫെബ്രുവരി 12, ബുധനാഴ്‌ച

സഹായിക്കാം നമുക്ക്‌, നമ്മളെത്തന്നെ!

നാട്ടിലേക്ക്‌ വരുന്ന വഴി. വിമാനം കയറാൻ ഞാനും മറ്റുള്ളവരോടൊപ്പം ലോഞ്ചിൽ കാത്തിരിക്കുന്നു. പെട്ടന്ന് പ്രായമായ ഒരു സ്ത്രീ നിലവിളിച്ചുകൊണ്ട്‌ ഞങ്ങൾക്കിടയിലേക്ക്‌ വന്നു. അറബി വീട്ടിൽ ഖദ്ദാമയായ്‌ നിന്ന് നാട്ടിലെ കുടുംബത്തെ പോറ്റുന്ന ഒരു സാക്ഷാൽ കോഴിക്കോടൻ 'ഉമ്മ'. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും സഹനത്തിന്റെയും ലാളിത്യത്തിന്റെയും പ്രതിരൂപമായിരുന്നു ആ മുഖവും വേശവും. മലയാളമല്ലാതെ ഒരു ഭാഷയും അവർക്കറിവില്ല.
മലയാളികൾ ഇരിക്കുന്ന ലോഞ്ചിലേക്ക്‌ ബേജാറോടെ വന്ന അവർ പറഞ്ഞു "മക്കളെ, കോണിപ്പടി കയറാൻ എന്റെ ബ്യാഗ്‌ പിടിച്ച്‌ ഒരാൾ സഹായിച്ചു. മുകളിലെത്തിയപ്പൊ ആളേം കാണുന്നില്ല ബ്യാഗും കാണുന്നില്ല. ഞാനിനിയെന്താ ചെയ്യ മക്കളെ?" മുപ്പതു വർഷക്കാലംകൊണ്ട്‌
മരുഭൂവിൽ നട്ടുവളർത്തിയ പനിനീർപ്പൂക്കൾ ഒറ്റയടിക്ക്‌ വാടിപ്പോയ സങ്കടത്തോടെ ആ ഉമ്മ
ഇത്രയും ഞങ്ങളോട്‌ പറഞ്ഞൊപ്പിച്ചു.
എന്ത്‌ ചെയ്യണമെന്നറിയാതെ ഞാൻ ഒരു നിമിഷം തരിച്ചിരുന്നു. അപ്പോഴേക്കും അടുത്തുള്ള ആൾ എഴുന്നേറ്റ്‌ ആ ഉമ്മയോടൊപ്പം ബ്യാഗ്‌ തിരയാൻ പോയി. ശ്ശെ! ആ ഉമ്മയെ ഒന്ന് സഹയിക്കാൻ പറ്റിയില്ലല്ലൊ. വിഷമം തോന്നി.

അൽപസമയത്തിനുള്ളിൽ ബ്യാഗുമായ്‌ ആ ഉമ്മയും കൂടെ പോയ ആളും തിരികെ വന്നു. എന്റെയടുത്ത സീറ്റിൽ ഇരുന്നുകൊണ്ടാ ഉമ്മ തന്നത്താൻ പറഞ്ഞു "എവിടെയായാലും പടച്ചോനുണ്ടാകും ഞമ്മളെ സഹായത്തിന്‌."  അന്നാണ്‌ പടച്ചവന്റെ സഹായം എന്താണെന്ന് ഞാൻ ശരിക്കും മനസ്സിലാക്കുന്നത്‌. ശരിയാംവണ്ണം നടക്കാൻ പോലും കഴിയാത്ത ആ ഉമ്മയെ സഹായിക്കാൻ ഇഷ്ടം പോലെ പേർ. അവരുടെ ബ്യാഗ്‌ ഓരോ അനക്കത്തിലും ഓരോരുത്തരായി പിടിച്ചുകൊടുത്തു സഹായിച്ചു. ഫ്ലൈറ്റിൽ കയറുമ്പോൾ ഞാനും സഹായിച്ചു. അതു ചെയ്തപ്പോൾ വല്ലാത്ത നിർവൃതി, ഉള്ളിൽ പരമാനന്തം. അതിനു കാരണം ഞാൻ വലിയ എന്തോ ചെയ്തതുകൊണ്ടല്ല, മറിച്ച്‌ ചെറിയ ഒരു കാര്യം ചെയ്തതിന്‌ ആ ഉമ്മ മനസ്സറിഞ്ഞ്‌ നൽകിയ പ്രാർത്ഥനയും ആശീർവ്വാദങ്ങളുമാണ്‌.

ഇങ്ങനെ എത്ര പ്രാർത്ഥനകളും അനുഗ്രഹങ്ങളുമാണ്‌ നമ്മുടെ അലസതയും 'മറ്റേ വിചാരങ്ങളും' കാരണം ബസ്സിലും ട്രയിനിലും  മറ്റു സ്ഥലങ്ങളിലും ദിനേനയെന്നോണം നാം നേടാതെ പോകുന്നത്‌?!

സഹായിക്കാൻ മനസ്സുണ്ടാകുന്നത്‌ വലിയ സംഗതിയൊന്നുമല്ല. അത്‌ ഏത്‌ മറ്റവനും ഉണ്ടാകും. എന്നാൽ സഹായിക്കാൻ അവസരം ലഭിക്കുമ്പോൾ, അത്‌ വേറെ ആർക്കും വിട്ടുകൊടുക്കാതെ ഉടനെ ചെയ്യുന്നവരാണ്‌ കേമന്മാർ.

1 അഭിപ്രായം: