2011 ജൂലൈ 8, വെള്ളിയാഴ്‌ച

ജീവിതം വിപണിയില്‍ - അബ്ദുറഹ്മാന്‍ ചെറുവാടി

 
(ഒരിക്കല്‍  ബാപ്പയുടെ പഴയ പെട്ടി തപ്പുന്നതിനിടയ്ക്ക്‌, ബാപ്പയുടെ ഒരു ഡയറി കിട്ടാനിടയായി. ബാപ്പയെഴുതിയ കവിതകളായിരുന്നു അതില്‍...
എല്ലാം ഗള്‍ഫില്‍ വന്നയുടനെ എഴുതിയതാണ് . അതുകൊണ്ട് തന്നെ ഇത് വായിച്ചാല്‍ - സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ കാരണം - മനസ്സില്ലാ മനസ്സോടെ ള്‍ഫിലേക്ക് വന്ന ഒരാളുടെ വേദനകളും കഷ്ടപ്പാടുകളും  ഒരു പക്ഷെ നിങ്ങള്‍ക്ക് മനസ്സിലായേക്കാം...)

 
ജീവിതം  വിപണിയില്‍
                       
അബ്ദുറഹ്മാന്‍ ചെറുവാടി

അകലത്തക്കരെ,
അകപുറമൊരുപോലുഷ്ണം 
അഷ്ടികഴിക്കാനലയും 
ഞാനൊരു പരദേശി;

മട്ടും മാതിരി നോക്കീട്ടെല്ലാം
മുട്ടി വിളിക്കും കതകുകളെല്ലാം,
തട്ടിക്കൊട്ടിയടക്കുന്നേരം
ആട്ടും തുപ്പും ചൊരിയുന്നു !

വേളി കഴിച്ചിട്ടോടിപ്പോന്നു
വേപഥു കൊള്ളാന്‍‍ കഴിവില്ലാതെ, 
ഒന്നരയാണ്ടു കഴിഞ്ഞേപോയി
പാരിടമില്ലിനി അലയാന്‍  ബാക്കി

വേളിപ്പെണ്ണിന്‍ കൈപ്പടയിങ്ങനെ
വേദനയില്ലെ, വേറിട്ടിങ്ങനെ
വേഴാമ്പല്‍ ‍പോല്‍ ‍ അക്കരെയിക്കരെ
ആണ്ടോടാണ്ടു  കഴിഞ്ഞീടാന്‍!
 
പത്രിക വെച്ചടി വന്നതു വെച്ചിട്ടുപ്പ കുറിപ്പൂ
പണയപ്പണ്ടം അവധി കഴിഞ്ഞു;
പണി പെട്ടിനിയും ബാങ്കില്‍ വെക്കാന്‍ ‍
പാടില്ലെന്നവിടുന്നറിയിപ്പുണ്ടേ !
ഇത്തിരി വേഗം പണമെത്തിച്ചാല്‍ ‍
അത്തര വേഗം പൊല്ലാപ്പൊഴിയാം, 
മാത്രയിതൊന്നും പോരെന്നാകില്‍ ‍
മാര്‍‍ക്കെറ്റാക്കാനൊരു പണിയില്ലത്രെ !

വേദനയുള്ളം മാന്തിക്കീറും
വേളയിതെങ്ങനെ താണ്ടീടാന്‍,‍
മറുപടിയുപ്പക്കെന്തെഴുതും
മറുമൊഴി പെണ്ണേ എന്തോതാം;
 
ഉമ്മക്കുണ്ടൊരു പയ്യാരം
പെങ്ങടെ അങ്ങിതു കല്യാണം,
നാട്ടുനടപ്പതു ചൊന്നെന്നാല്‍
ചിതമല്ലൊന്നും
നല്‍കാഞ്ഞാല്‍ ;‍

അനിയനു പോണം പിക്നിക്ക്
ചേട്ടനു വേണം പട്ടിന്‍ സാരി,
പാര്‍ട്ടിക്കാരും എഴുതാതില്ല
കെട്ടിടഫണ്ടു തികഞ്ഞില്ലത്രെ;

എല്ലാം താങ്ങും തലയുടെ താങ്ങായ്
ഏതരചനു ചെയ് വു  വിടുവേല  
ഏറെ കിണഞ്ഞു  പിണഞ്ഞതിനാലെ
കേട്ടറിവായൊരു തൊഴിലുണ്ടേ,

ലോഹമെറിഞ്ഞാലുരുകും മണലില്‍
കെട്ടിടമുയരും പണിയുണ്ടേ;
ചട്ടിയെടുത്തു മറിക്കാമെങ്കില്‍
കഷ്ടിച്ചഷ്ടിയടക്കാന്‍ പണിയുണ്ടേ

നാലിനു കാലത്തപ്പുറ റോഡില്‍
വാഹനമേറിപ്പോകേണം
നായകിതക്കും ചേലില്‍ പണിതാല്‍
മോന്തിക്കഞ്ചരയോടെ മടങ്ങീടാം;

ഏറിയ കാലം പേജുകള്‍ താണ്ടി
യോഗ്യത നേടിയതെല്ലാം  കൂടി,
നേടിത്തന്നൊരു  ജോലിയില്‍ക്കൂടി
നേരു പറഞ്ഞാലെന്തു ലഭിപ്പൂ പശിയാറ്റാന്‍ !

മോഹമൊടുങ്ങാ കിളിയുടെ തേട്ടം,
കൂട്ടുകാരുടെ നീട്ടിയ തോറ്റം,
ഇലയും മുള്ളും കേടില്ലാതെ
അക്കരെയിക്കരെ മുട്ടിക്കാന്‍,‍
നിവരും ചുരുളും വിരലുകളെല്ലാം
തട്ടിക്കൊട്ടി
ത്തളരുമ്പോള്‍,‍
മണലില്‍ തൂവിയ മാവിന്‍ മട്ടില്‍
മമ ജീവിതമല്ലോ കിട്ടാതായി !!

ചിറകു കരിഞ്ഞൊരു കിളിയുടെ വേദന
വരികള്‍  കൊണ്ടെങ്ങനെ തഴുകും 
ഞാന്‍ ;‍
ക്രോധം വന്നു, കലമ്പുന്നകമില്‍
ഉലകിന്നുണ്ടോ വേദന തിരിയാന്‍
വിപണിയിലൊട്ടും  വിലയില്ലാതെ
ജീവിതമല്ലോ വിറ്റൂ നമ്മള്‍ !


*ഉപ്പയുടെ പഴയ കാല രചനകള്‍

5 അഭിപ്രായങ്ങൾ:

  1. കവിത വിലയിരുത്താന്‍ അറിയില്ല എങ്കിലും,
    പ്രവാസത്തിന്റെ മാനസിക പിരിമുറുക്കം വളരെ നന്നായി പ്രകടിപ്പിക്കാന്‍ ഇതിലെ വരികള്‍ക്കായിട്ടുണ്ട്.
    ഒരു പക്ഷെ 'മുഖ്യധാരാ' കവികള്‍ക്ക് പോലും അപ്രാപ്യമായ ചില സൂചനകള്‍ ഇതില്‍ കാണാം എന്നത് നിസാരമല്ല.
    കൂടുതല്‍ എഴുതാതിരുന്നത് വളരെ മോശമായി. പഴയതൊക്കെ ഉണ്ടെങ്കില്‍ പൊടിതട്ടിഎടുക്കൂ.
    "വേപഴു കൊള്ളാന്‍‍" എന്നത് 'വേപഥു'എന്നാണ് ഉദേശ്യം എന്ന് തോന്നുന്നു.
    "ചേട്ടനു വേണം പട്ടിന്‍ സാരി" എന്നത് യുക്തിസഹമല്ല എന്ന് തോന്നുന്നു.
    ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  2. എന്റെ അയല്‍ നാട്ടുകാരാ ..............സ്വാഗതം .....കുടുംബക്കാരനും ( കൂടുതല്‍ വിവരങ്ങള്‍ അമിന്‍ ജൌഹാര്‍ പറഞ്ഞു തരും )

    മറുപടിഇല്ലാതാക്കൂ
  3. ചിറകു കരിഞ്ഞൊരു കിളിയുടെ വേദന
    വരികള്‍ കൊണ്ടെങ്ങനെ തഴുകും ഞാന്‍ ;‍
    ക്രോധം വന്നു, കലമ്പുന്നകമില്‍
    ഉലകിന്നുണ്ടോ വേദന തിരിയാന്‍
    വിപണിയിലൊട്ടും വിലയില്ലാതെ
    ജീവിതമല്ലോ വിറ്റൂ നമ്മള്‍ !


    ഇതാണ് കവിത!വിപണിയിലൊട്ടുംവിലയില്ലാത്ത ആ
    ജീവിതം ഞാനുംവിറ്റൂ കുറെ നാള്‍.

    മറുപടിഇല്ലാതാക്കൂ
  4. എഴുതിയ ആള്‍ അന്ന് കണ്ട ഗള്‍ഫ്‌ ജീവിതമാണെന്ന് തോന്നുന്നു. സ്വന്തം അനുഭവം ആവാന്‍ വഴിയില്ല. പ്രാസമൊപ്പിച്ചു ഏഴുതിയിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  5. ആദിലിന്റെ ഉപ്പയെ വളരെ എന്‍റെ വളരെ ചെറുപ്പത്തില്‍ കണ്ട ഓര്‍മ്മയാണ്. :-)
    കവിത നന്നായി .
    കൂടുതല്‍ പോസ്റ്റ്‌ ചെയ്യൂ .

    മറുപടിഇല്ലാതാക്കൂ